We preach Christ crucified

ശമൂവേൽ – പ്രാർത്ഥനക്ക് ഉത്തരമായി ലഭിച്ച ഒരു മാതൃകാ ബാലൻ

എഫ്രയീം മലനാട്ടിൽ എൽക്കാനയുടെയും ഹന്നയുടെയും ആദ്യജാതനായിരുന്നു ശമൂവേൽ. ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം; പ്രാർത്ഥനക്ക് ഉത്തരമായി ലഭിച്ച ഒരു പൈതലാണ് ശമൂവേൽ. അമ്മ ഹന്ന ദൈവഭക്തിയുള്ള ഒരു മാതാവായിരുന്നു.പ്രാർത്ഥനക്ക് ഉത്തരമായി കിട്ടിയ പൈതലിന് ശമൂവേൽ എന്നു പേരിട്ടു. മക്കൾ യഹോവ തരുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവുമാകുന്നു (സങ്കീർത്തനങ്ങൾ 127:3).കുട്ടികൾ ദൈവത്തിന്റെ ദാനമാണ്; അനുഗ്രഹമാണ്. സദൃശവാക്യങ്ങൾ 22ന്റെ 6-ൽ പറയും ‘ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക അവൻ വൃദ്ധനായാലും അതുവിട്ടു മാറുകയില്ല.’ നടക്കേണ്ടുന്ന വഴിയിൽ മാതിപിതാക്കന്മാരിൽ നിന്ന്അഭ്യാസം ലഭിച്ചു വളർന്ന ഒരു ബാലനാണ് ശമൂവേൽ.

യേശുവിന് കുട്ടികളോട് വലിയ സ്നേഹവും ഇഷ്ടവുമാണ്. “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടുക്കരുത്” (മത്തായി 19 : 13,14). കുട്ടികൾക്ക് വലിയ പ്രാധാന്യമാണ് ബൈബിൾ കല്പിച്ചിരിക്കുന്നത്.ഡി. എൽ. മൂഡിയുടെ ഒരു പ്രാർത്ഥനായോഗം കഴിഞ്ഞപ്പോൾ തന്റെ ആത്മിക സുഹൃത്തിനോട് ഇപ്രകാരം പറഞ്ഞു: സഹോദരാ, ഇന്ന് രണ്ടര ആളുകൾ മാനസാന്തരപ്പെട്ടു എന്ന്. സുഹൃത്ത്ചോദിച്ചു: രണ്ട് വലിയവരും ഒരു കുട്ടിയും ആണോ എന്ന്. അപ്പോൾ മൂഡി പറഞ്ഞു: രണ്ടു കുട്ടികളും ഒരു മുതിർന്ന ആളും ആണ് എന്ന്. ഒരു കുട്ടി മാനസാന്തരപ്പെടുമ്പോൾ ഒരു മുഴു ജീവിതമാണ് രക്ഷിക്കപ്പെടുന്നത്; കർത്താവിന് ലഭിക്കുന്നത്. പ്രായമായവരുടെ ആയുസ്സിന്റെ നല്ല നാളുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. കുഞ്ഞുങ്ങളെ നിങ്ങളുടെ സാധ്യത വളരെയാണ്.ദൈവത്തിന് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ട്. നിങ്ങൾ ഇൗ കുട്ടിക്കാലത്തുതന്നെ യേശുവിങ്കലേക്കു തിരിയണം. അതിനാണ് വചനം നിങ്ങൾക്കു നല്കുന്നത്. നിങ്ങളുടെ ഇൗ പ്രായത്തിന്റെപ്രത്യേകത, നിങ്ങൾ കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങൾ വേഗം മനസ്സിൽ പതിയുകയും അതു മാഞ്ഞുപോകാതെ നില്ക്കുകയും ചെയ്യും. You are wax to receive and marble to retain. നിങ്ങൾക്ക് അനുകരിക്കുവാൻ കൊള്ളാവുന്ന ഒരു മാതൃകാ ബാലനാണ് ശമൂവേൽ. “ശമൂവേൽ ബാലനോ വളരും തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.” 1 ശമൂവേൽ 2:26. ഹന്നാ ബാല്യത്തിൽ തന്നെ ശമൂവേലിനെ ദൈവത്തിനു സമർപ്പിച്ചു. ശമൂവേൽ ജീവപര്യന്തം യഹോവെക്കു നിവേദിതനായിരുന്നു. 1 ശമൂവേൽ 1:27,28.കുഞ്ഞുങ്ങളെ നിങ്ങൾ ദൈവസന്നിധിയിൽ ഒരു സമർപ്പണം എടുത്തിട്ടുണ്ടോ? യേശു വിശന്നിരുന്ന അയ്യായിരം പേരെ പോഷിപ്പിച്ചത് ഒരു ബാലകൻ തന്റെ കയ്യിലുണ്ടായിരുന്ന അഞ്ചപ്പവും രണ്ടുമീനും യേശുവിനു കൊടുത്തതുകൊണ്ടാണ്. അവനുണ്ടായിരുന്നത് മുഴുവൻ കൊടുത്തത് അവന് അനുഗ്രഹമായി; മറ്റുള്ളവർക്ക് പ്രയോജനവുമായി. മക്കളെ! നിങ്ങളെയും നിങ്ങൾക്കുള്ളതിനെയും യേശുവിനു കൊടുക്കാമോ, യേശു വാഴ്ത്തി അനുഗ്രഹിച്ച് വർദ്ധിപ്പിച്ചു തരും. ശമുവേൽ ബാല്യംമുതൽ പുരോഹിതനായ ഏലിയുടെ കൂടെ ദേവാലയത്തിൽ ശുശ്രൂഷ ചെയ്തുപോന്നു. ഒരു ദിവസം ദൈവത്തിന്റെ മന്ദിരത്തിൽ കിടന്നുറങ്ങമ്പോൾ യഹോവ, ശമുവേലേ, ശമുവേലേ എന്നു പേർ ചൊല്ലി വിളിച്ചു. കുട്ടികളേ, യേശു അപ്പച്ചന് നിങ്ങളുടെ ഒാരോരുത്തരുടെയും പേരറിയാം, നിങ്ങളുടെ കഴിവും കഴിവുകേടും എല്ലാം അറിയാം. ദൈവവിളി കേട്ടപ്പോൾ, യഹോവെ! അരുളിച്ചെയ്യേണമെ, അടിയൻ കേൾക്കുന്നു എന്നുപറഞ്ഞു. ദൈവം എന്തു കല്പിച്ചാലും അനുസരിച്ചുകൊള്ളാമെന്നാണതിന്റെ അർത്ഥം. ശമൂവേൽ വളർന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. 1 ശമൂവേൽ 3:19. കുട്ടികളെ! നിങ്ങളും ദൈവഭയത്തിലും അനുസരണത്തിലും അച്ചടക്കത്തിലും വേണം വളർന്നു വരുവാൻ.ദൈവഭയമുള്ള ഒരു ബാലനായി ദൈവാലയത്തോടും പ്രവാചകനോടും ചേർന്നു വളർന്നപ്പോൾ ദൈവം അവനോടു സംസാരിക്കുവാൻ തുടങ്ങി. ക്രമേണ യഹോവ ശമൂവേലിനെ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്ന പ്രവാചകനാക്കി. ശമൂവേലിനെ ദൈവം വളർത്തി, യിസ്രായേലിന്റെ ന്യായാധിപനും പുരോഹിതനുമാക്കി വെച്ചു. പ്രവാചകസ്കൂളും പ്രവാചക ശിഷ്യന്മാരും ഉണ്ടായി.ഫെലിസ്ത്യർ ശമൂവേലിന്റെ ശത്രുക്കളായിരുന്നു. അവരെ കീഴടക്കേണ്ടതിന് ശമൂവേൽ പ്രാർത്ഥിച്ചു. യഹോവ ഫെലിസ്ത്യരുടെ മേൽ വലിയൊരു ഇടി മുഴക്കി; ഫെലിസ്ത്യർ പരിഭ്രമിച്ച് ഒാടി.നന്ദിസൂചകമായി, ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചുഎന്നു പറഞ്ഞ് ജയം നേടിയ സ്ഥലത്ത് ഒരു കല്ലുനാട്ടി അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു. 1 ശമൂവേൽ 7:12.സ്നേഹമുള്ള കുട്ടികളെ! ദൈവം നിങ്ങളിൽ ആശവെച്ചിരിക്കുന്നു. സ്വന്ത ജീവിതത്തിൽ നിരപവാദ്യരായി നിന്നാൽ ദൈവം നിങ്ങളെ എല്ലാ രംഗത്തും ഉയർത്തും; ജയം തരും. ശമൂവേൽ ബാലനെ ഉയർത്തിയ ദൈവം നിങ്ങളെയും ‘വാലല്ല, തലയാക്കും.’നിങ്ങൾ ജയിക്കാൻ ജനിച്ചവരാണ്. കുഞ്ഞുങ്ങൾ കർത്താവിൽ പ്രസിദ്ധരാകണം. നിങ്ങൾ വിശുദ്ധരും വിജയികളുമാകണം എന്ന ആഗ്രഹത്തോടും പ്രാർത്ഥനയോടുമാണ് ഇൗ സന്ദേശം നിങ്ങൾക്ക് തരുന്നത്.

നിങ്ങളുടെ ലക്ഷ്യത്തെ വിശ്വാസത്തിന്റെ അഗ്നിയിൽ കത്തിച്ച് പരിശ്രമത്തിന്റെയും പ്രാർത്ഥനയുടെയും മൂശയിൽ മെനഞ്ഞെടുക്കുക. ക്രിസ്തു നായകനും നാഥനും ആകട്ടെ. നിങ്ങൾ എത്തുന്നത് വിജയത്തിന്റെ തീരത്തായിരിക്കും