We preach Christ crucified

ഏറ്റവും പുറത്തുള്ള ഇരുട്ട്

Outer Darkness ആണ് ഏറ്റവും പുറത്തുള്ള ഇരുട്ട്. മത്തായിയുടെ സുവിശേഷത്തിൽ എട്ടാം അദ്ധ്യായം പന്ത്രണ്ടാം വാക്യത്തിലാണ് ഏറ്റവും പുറത്തുള്ള ഇരുട്ടിനെക്കുറിച്ചുള്ള പ്രസ്താവം ആദ്യമായി കാണുന്നത്.

‘രാജ്യത്തിന്റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്ന് ഞാൻ നിങ്ങളോട് പറയുന്നു.’

ദൈവരാജ്യത്തിൽ പ്രവേശിക്കും എന്ന സുദൃഢവിശ്വാസം ഉള്ളവരായിരുന്നു യഹൂദമതത്തിലെ പരീശന്മാരും ശാസ്ത്രികളും പുരോഹിതന്മാരുമെല്ലാം. അവർ ചിട്ടയായി യഹൂദ ന്യായപ്രമാണം അനുഷ്ഠിക്കുന്നവരായിരുന്നു. യെരൂശലേം ദൈവാലയത്തോട് ഏറ്റവും അടുത്താണ് അവർ കഴിഞ്ഞിരുന്നത്. എന്നാൽ ചടങ്ങുകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായി നിവർത്തിച്ചു വന്നവരാണെങ്കിലും അവർ ന്യായവും ദൈവസ്നേഹവും വിട്ടു കളഞ്ഞിരുന്നു .

‘പരീശന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; ഇതു ചെയ്‌കയും അത് ത്യജിക്കാതിരിക്കയും വേണം.’ ലൂക്കോസ് 11:42

സാക്ഷാൽ ദൈവപുത്ര ൻ വന്നപ്പോൾ അവർ – അവിശ്വസിക്കുകയും ക്രിസ്തുവിനെ ത്യജിച്ചുകളയുകയും ചെയ്തു. അതുകൊണ്ട് ഭയാനകമായ കൂരിരുട്ടുള്ള നിത്യനരക ഭീകരതയിലേക്ക് അവർ തള്ളപ്പെടും എന്നത്രേ യേശുക്രിസ്തു പറഞ്ഞത്.

പിന്നീട്, വിശുദ്ധ മത്തായി 22 : 13 -ലാണ് ഏറ്റവും പുറത്തുള്ള ഇരുളിനെക്കുറിച്ച് നാം കാണുന്നത്. ‘രാജാവ് ശുശ്രൂഷക്കാരോട്; ഇവനെ കൈയും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.”

കല്യാണവസ്ത്രം കൂടാതെ വിരുന്നുശാലയിൽ പ്രവേശിച്ചവൻ ഏറ്റവും പുറത്തുള്ള ഇരുട്ടിലേയ്ക്ക് പോകേണ്ടി വന്നു. കല്യാണവസ്ത്രം സൗജന്യമായി നല്കുന്നിടത്തുനിന്ന് അവനതു വാങ്ങാമായിരുന്നു. കല്യാണവസ്ത്രത്തെ ‘മഹിമാവിൻ നീരാളം’ എന്നാണ് പിതാക്കന്മാർ വിശേഷിപ്പിക്കുന്നത്.

‘മഹിമാവിൻ നീരാളം ചാർത്തി

തിരുമുമ്പിൽ സ്തുതി പാടും നിങ്ങൾ ‘

വിവാഹ കൂദാശയിൽ , സുന്ദരികളിൽ അതിസുന്ദരിയായ പരിശുദ്ധസഭയുടെ അധരങ്ങളിൽ നിന്ന് പൂന്തേനോലുന്ന വചനം പൊഴിയുന്നു എന്നും സഭയാകുന്ന മണവാട്ടിയുടെ വസ്ത്രം നീസാൻ കുസുമത്തിന് തുല്യമായ സുഗന്ധമുള്ളതാണെും പിതാക്കന്മാർ പാടുന്നു.

‘നിൻ അധരങ്ങൾ മധു വർഷിക്കുന്നു

വസന സുഗന്ധം നീസാൻ കുസുമസമം’

ആ വസനമാണ് കല്യാണവസ്ത്രം.

സാക്ഷാൽ ദൈവപുത്ര ൻ വന്നപ്പോൾ അവർ – അവിശ്വസിക്കുകയും ക്രിസ്തുവിനെ ത്യജിച്ചുകളയുകയും ചെയ്തു. അതുകൊണ്ട് ഭയാനകമായ കൂരിരുട്ടുള്ള നിത്യനരക ഭീകരതയിലേക്ക് അവർ തള്ളപ്പെടും എന്നത്രേ യേശുക്രിസ്തു പറഞ്ഞത്.

മൂന്നാമതായി, ഏറ്റവും പുറത്തുള്ള ഇരുട്ടിനെക്കുറിച്ച് പറയുന്നത് വിശുദ്ധ മത്തായി ഇരുപത്തഞ്ചിന്റെ മുപ്പതിലാണ്. ‘കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് തള്ളിക്കളവിൻ അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.’

താലന്തുകളുടെ ഉപമയിൽ മൂന്നുദാസന്മാരെയാണ് നാം കാണുന്നത്. യജമാനൻ ദൂരദേശത്ത് പോകുമ്പോൾ തന്റെ സമ്പത്ത് ദാസന്മാരെ ഏല്പിച്ചു. ഓരോരുത്തർക്കും അവരവരുടെ പ്രാപ്തിപോലെയാണ് താലന്ത് ലഭിച്ചത്. ഒരാൾക്ക് അഞ്ചു താലന്ത്, മറ്റൊരാൾക്ക് രണ്ട് താലന്ത്, വേറൊരാൾക്ക് ഒരു താലന്ത്. ഓരോരുത്തരുടേയും പ്രാപ്തി യജമാനനല്ലേ അറിയാവൂ. ഒരു താലന്ത് ഇരുപത് വർഷത്തെ കൂലിക്കൊത്ത ധനമാണ്. താലന്തുകൾ അവരവരുടെ കഴിവുകൾ ഉപയോഗിക്കാനുള്ള അവസരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

വളരെക്കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ അവരുമായി കണക്കു തീർത്തു . അഞ്ചു താലന്ത് ലഭിച്ചവനും രണ്ട് താലന്ത് ലഭിച്ചവനും ഉടനെ ചെന്ന് വ്യാപാരം ചെയ്ത് ലഭിച്ചതിന്റെ ഇരട്ടിയാക്കി. അത് കൊണ്ടുവന്ന് സമർപ്പിച്ചപ്പോൾ യജമാനൻ അവരെ അഭിനന്ദിച്ചു. ‘നല്ലവനും വിശ്വസ്തനുമായ ദാസൻ’ എന്റെ ഉള്ളം കുളിർത്തു യജമാനനൻ അവരെ വാത്സല്യപൂർവ്വം വിളിച്ചു. എന്നാൽ ഒരു താലന്ത്

ലഭിച്ചവനെ യജമാനൻ വിളിച്ചത് ‘മൂഢനും മടിയനുമായ ദാസനേ’ – പ്രയോജനമില്ലാത്ത ദാസനേ -എന്നാണ്. അതിന് കാരണം, അവൻ പാപം ഒന്നും ചെയ്തിട്ടല്ല. ഒന്ന്, അവൻ യജമാനനെ കഠിനനും ക്രൂരനും ആയിട്ടാണ് കണ്ടത്. മറ്റുള്ളവരേക്കാൾ തനിക്കു കുറച്ചു ലഭിച്ചത് യജമാനന്റെ പക്ഷഭേദം കൊണ്ടാണ് എന്ന് അവൻ ധരിച്ചു. രണ്ട്, അവന്റെ പ്രാപ്തിയെക്കുറിച്ച് അവന് മതിപ്പുണ്ടായിരുന്നു . മൂന്ന് ലഭിച്ചതിൽ അവന് പൂർണ്ണ തൃപ്തിയില്ലാതെ പോയി. നാല്, താലന്ത് വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത അവന് ബോധ്യമായില്ല. അഞ്ച്, യജമാനനെ കരുണയും സ്നേഹവുമായി അവൻ കണ്ടില്ലെന്നു മാത്രമല്ല, അവന് യജമാനനോട് പരിഭവവും നീരസവും ഉണ്ടായി. തന്മൂലം ഒരു അപകർഷതാ ബോധവും അസംതൃപ്തിയും അവന്റെ ഉള്ളിൽ ഉളവായി.

കണക്ക് തീർക്കുന്ന ഒരു ദിവസമുണ്ട്. അത് ന്യായവിധിയുടെ നാളാണ്. പ്രവൃത്തികൾക്ക് ന്യായവിധിയുണ്ടാകും. വാക്കുകൾക്ക് ന്യായവിധിയുണ്ടാകും. നമ്മുടെ വിചാരങ്ങൾക്കും ന്യായവിധിയുണ്ടാകും.

‘അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപിക്കേണ്ടതിനു നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിൻ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു .’ 2 കൊരിന്ത്യർ 5 : 10

‘മനുഷ്യർ പറയുന്ന ഏത് നിസ്സാരവാക്കിനും ന്യായവിധി ദിവസത്തിൽ കണക്കുബോധിപ്പിക്കേണ്ടി വരും.’ മത്തായി 12:36

‘അവൻ (ക്രിസ്തു) ഇരുട്ടിൽ മറഞ്ഞിരിക്കന്നത് വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും’ 1 കൊരിന്ത്യർ 4 : 5

എന്നാൽ നാം നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നു എങ്കിൽ നമുക്ക് ശിക്ഷാവിധി (ഏറ്റവും പുറത്തുള്ള ഇരുട്ട് ) ഒഴിവാക്കി കിട്ടും . തിരുവചനം പറയുന്നു.

‘ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല!!’ റോമർ 8 : 1

ക്രിസ്തുയേശുവിലായോ എന്ന് എങ്ങനെ അറിയാം?

‘ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു.’ 2 കൊരിന്ത്യർ 5 : 17

ഇനിയുള്ള നമ്മുടെ ജീവിതം ക്രിസ്തു യേശുവിൽ ഒരു പുതിയ സൃഷ്ടിയായിത്തീരട്ടെ .

 

Other articles

അക്കല്ദാമ

Read full Article
പുതുമ

Read full Article
സുബോധം

Read full Article
എനിക്ക് ദാഹിക്കുന്നു

Read full Article
മറ്റൊരു ധൂര്‍ത്തപുത്രന്‍

Read full Article
തളരാതെ മുന്നേറുക

വാടിത്തളർന്നു പോകാതെ ഉത്സാഹഭരിതനായി മുന്നോട്ടു പോയതുകൊണ്ടാണ് അമേരിക്ക കണ്ടുപിടിക്കുവാൻ കൊളംബസിന് കഴിഞ്ഞത്

Read full Article